വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്.സി.ആർ.എ) ബിൽ കൂടുതൽ പരിശോധനകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലാണ് പ്രമേയം എത്തിയതെങ്കിലും അദ്ദേഹം സഭയിൽ ഹാജരായിരുന്നില്ല. ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമടങ്ങുന്ന 31 അംഗ ജെ.പി.സിയാണ് ബിൽ പരിശോധിക്കുക. പ്രതിപക്ഷത്തിന്റെയും ക്രിസ്ത്യൻ സംഘടനകളുടെയും ശക്തമായ എതിർപ്പും പ്രതിഷേധവും കണക്കിലെടുത്താണ് നടപ്പു പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത്.
വിദേശഫണ്ട് ദുരുപയോഗം ചെയ്യുന്നതും മതപരിവർത്തനത്തിനായി ഉപയോഗിക്കുന്നതും തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ഇത് മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഒരു സ്ഥാപനത്തിന്റെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടാൽ അവരുടെ ആസ്തിയും വിദേശപണവും വകമാറ്റി നടത്തിപ്പുകാരെ ചുമതലപ്പെടുത്താൻ പ്രത്യേക അതോരിറ്റിയെ നിയമിക്കുമെന്ന വ്യവസ്ഥയാണ് പ്രധാനമായും എതിർപ്പിന് കാരണമായത്. അതിനിടെ, ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.



