അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരായ വഞ്ചനാക്കുറ്റവും കൈക്കൂലി കേസും തള്ളിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യങ്ങൾ വിറ്റുതുലയ്ക്കുകയാണെന്നും ഇതിന് രാജ്യം വലിയ വില നൽകേണ്ടി വരുമെന്നും ആരോപിച്ച രാഹുൽ, കേസ് റദ്ദാക്കിയതിന് പിന്നിൽ പുറത്തുകാണുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ടെന്നും കുറ്റപ്പെടുത്തി. അദാനിക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ നിർദ്ദേശം ബ്രൂക്ലിൻ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫുയിസ് അംഗീകരിക്കുകയായിരുന്നു.
എന്നാൽ, കേസ് പിൻവലിക്കാനുള്ള നീതിന്യായ വകുപ്പിന്റെ നടപടി തികച്ചും അസാധാരണമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ മുൻ വാഗ്ദാനത്തിന് പകരമായിട്ടാണോ കേസ് ഒത്തുതീർപ്പാക്കിയതെന്ന സംശയം ജഡ്ജി ഉന്നയിച്ചെങ്കിലും, കേസ് തള്ളുന്നതിനായി മറ്റ് കരാറുകളോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദാനി ജൂലൈ 15-ന് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസ് വിദേശ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും തെളിയിക്കാൻ പ്രയാസമാണെന്നുമുള്ള പ്രോസിക്യൂട്ടർമാരുടെ നിലപാടും അദാനി ഗ്രൂപ്പ് ആരോപണങ്ങൾ പൂർണ്ണമായി തള്ളിയതും കണക്കിലെടുത്താണ് യു.എസ് ഫെഡറേഷൻ കോടതി നിയമനടപടികൾ അവസാനിപ്പിച്ചത്.



