India Mirror News

16-ാമത് KCCNA കൺവെൻഷന് ആവേശം പകർന്ന് ‘ക്നാനായ റോയൽ കിംഗ്ഡം പേജന്റ്’

16-ാമത് KCCNA കൺവെൻഷന് ആവേശം പകർന്ന് ‘ക്നാനായ റോയൽ കിംഗ്ഡം പേജന്റ്’

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷന്റെ രണ്ടാം ദിനത്തിൽ, KCCNA വിമൻസ് ഫോറം ഓഫ് നോർത്ത് അമേരിക്ക (KCWFNA) സംഘടിപ്പിച്ച “ക്നാനായ റോയൽ കിംഗ്ഡം പേജന്റ്” വലിയ ജനശ്രദ്ധ നേടി. KCWFNA ഇതുവരെ സംഘടിപ്പിച്ചതിൽ വെച്ച് ഏറ്റവും വലിയ ഈ അവതരണം കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.

ഇൻട്രൊഡക്ഷൻ, ടാലന്റ്, ക്വസ്റ്റ്യൻ ആൻഡ് ആൻസർ എന്നീ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും സമുദായ മൂല്യങ്ങളും മികവോടെ വേദിയിൽ അവതരിപ്പിച്ചു. മത്സരത്തിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ക്നാനായ സമൂഹത്തിന് പുറത്തുനിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് പ്രകടനങ്ങൾ വിലയിരുത്തിയത്.

തീവ്രമായ പോരാട്ടത്തിനൊടുവിൽ ക്വീൻ വിഭാഗത്തിൽ ഹൂസ്റ്റണിൽ നിന്നുള്ള സ്റ്റെല്ല പ്ലാത്തോട്ടത്തിൽ വിജയിയായപ്പോൾ, ഡിട്രോയിറ്റിൽ നിന്നുള്ള ഷോമ മങ്ങാട്ടുപുലിക്കിയിൽ ഒന്നാം റണ്ണറപ്പായും ചിക്കാഗോയിൽ നിന്നുള്ള ജീന മട്ടത്തിൽ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കിംഗ് വിഭാഗത്തിൽ താമ്പായിൽ നിന്നുള്ള ജേക്കബ് കണിയാലിൽ വിജയിയായി. ന്യൂയോർക്കിൽ നിന്നുള്ള ബേർണി മുല്ലപ്പള്ളി ഒന്നാം റണ്ണറപ്പും ഹൂസ്റ്റണിൽ നിന്നുള്ള റോജർ നെല്ലാമറ്റം രണ്ടാം റണ്ണറപ്പുമായി.

പ്രിൻസസ് വിഭാഗത്തിൽ ഡാളസിൽ നിന്നുള്ള ആഷ്‌ലിൻ കുഴിക്കാട്ടിൽ ഒന്നാം സ്ഥാനവും, താമ്പായിൽ നിന്നുള്ള മിഖായ്ലാ മച്ചാനിക്കൽ രണ്ടാം സ്ഥാനവും (ഒന്നാം റണ്ണറപ്പ്), ചിക്കാഗോയിൽ നിന്നുള്ള അഞ്ജലി കുന്നശ്ശേരി മൂന്നാം സ്ഥാനവും (രണ്ടാം റണ്ണറപ്പ്) കരസ്ഥമാക്കി. പ്രിൻസ് വിഭാഗത്തിൽ ന്യൂയോർക്കിൽ നിന്നുള്ള ഇസയ്യ മുള്ളപ്പള്ളി കിരീടം ചൂടിയപ്പോൾ ചിക്കാഗോയുടെ സാമുവൽ മട്ടത്തിൽ ഒന്നാം റണ്ണറപ്പും ഹൂസ്റ്റന്റെ ആന്റണി നെല്ലാമറ്റം രണ്ടാം റണ്ണറപ്പുമായി.

KCWFNA ദേശീയ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം, ജനറൽ സെക്രട്ടറി മരിയ കൈതാരം, വൈസ് പ്രസിഡന്റ് ലീല മട്ടത്തിൽ, ട്രഷറർ രേഷ്മ കൊച്ചുപുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി മഞ്ജു നെടുമാക്കേൽ, ജോയിന്റ് ട്രഷറർ നിധി കോടിഞ്ഞിയിൽ എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ തയാറെടുപ്പുകളാണ് ഈ മെഗാ പരിപാടിയെ വിജയത്തിലെത്തിച്ചത്. വിജയികൾക്ക് ദേശീയ വേദിയിൽ കിരീടവും ട്രോഫികളും സമ്മാനിച്ചു. പാരമ്പര്യവും കലാപ്രതിഭയും കുടുംബമൂല്യങ്ങളും സമന്വയിപ്പിച്ച ഈ രാജകീയ വിരുന്ന് കൺവെൻഷനിലെ ഏറ്റവും മികച്ച കുടുംബ അവതരണങ്ങളിലൊന്നാണെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, കൺവെൻഷൻ ചെയർമാൻ ജോബി ഊരാളിൽ, KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം എന്നിവർ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *