വിജയിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ എന്ന ചിത്രത്തിലെ ‘ഒരു പേരേ വരളാറ്’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. വിവേക് വരികളെഴുതിയ ഈ ഗാനത്തിലെ ചില സംഭാഷണങ്ങൾ വിജയ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും വിശാൽ മിശ്രയും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് തന്നെയാണ്. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന വിജയിന്റെ ഈ അവസാന ചിത്രം സെൻസർ തടസ്സങ്ങൾ കാരണം വൈകി, ഒടുവിൽ ആറ് മാസത്തിന് ശേഷം ജൂലൈ 23-നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചതെങ്കിലും വിജയ് ആരാധകരുടെ പിന്തുണയോടെ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം മൂന്നാം വാരത്തിലും മികച്ച കളക്ഷൻ തുടരുന്ന ചിത്രം ആഗോളതലത്തിൽ ഇതുവരെ 318.09 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 193.05 കോടി നെറ്റ് കളക്ഷനും (ഗ്രോസ് 224.89 കോടി) വിദേശ വിപണികളിൽ നിന്ന് 93.20 കോടിയുമാണ് ചിത്രം സമാഹരിച്ചത്. റിലീസിന് ശേഷമുള്ള മൂന്നാമത്തെ തിങ്കളാഴ്ച 1976 ഷോകളിൽ നിന്നായി 75 ലക്ഷം രൂപ ഇന്ത്യയിൽ നിന്ന് നെറ്റ് കളക്ഷനായി നേടി.
പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു, നരെയ്ൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയിന്റെ രാഷ്ട്രീയ ജീവിതത്തിന് തുണയാകുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചതെങ്കിലും, വൈകി തിയറ്ററുകളിലെത്തുമ്പോൾ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലുണ്ട് എന്ന അപൂർവ്വ കൗതുകവും ഈ ചിത്രത്തിനുണ്ട്.



