India Mirror News

KCCNA നാഷണൽ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം;ഉദ്ഘാടനം ചെയ്ത് മേയർ റോബിൻ ഇലക്കാട്ട്

KCCNA നാഷണൽ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം;ഉദ്ഘാടനം ചെയ്ത് മേയർ റോബിൻ ഇലക്കാട്ട്

ഫ്ലോറിഡ (ഫോർട്ട് ലോഡർഡേൽ): മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് നോർത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ (KCCNA) 16-ാമത് നാഷണൽ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യവും പാരമ്പര്യ സംരക്ഷണവും ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രൗഢഗംഭീരമായ ഉദ്ഘാടന പ്രസംഗത്തോടെയാണ് കൺവെൻഷന് തുടക്കമായത്. കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇലഞ്ഞിക്കൽ, എക്സിക്യൂട്ടീവ് കൺവെൻഷൻ ചെയർമാൻ ജോബി, കെ.സി.വൈ.എൽ ഭാരവാഹികൾ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ സമുദായത്തിന്റെ ഭാവിനിലപാടുകളും അവകാശപോരാട്ടങ്ങളും അടിയന്തരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളും ഉയർന്നുവന്നു. അമേരിക്കയിലെ 23-ഓളം വരുന്ന ക്നാനായ മിഷനുകൾക്ക് പ്രത്യേക ഭരണപരിധിയും സഹായമെത്രാനെയും അനുവദിച്ചു കിട്ടാൻ സഭാ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന ശക്തമായ ആവശ്യമാണ് വേദിയിൽ ഉയർന്നത്. 1911-ൽ വെറും നാല്പതിനായിരത്തോളം വരുന്ന ക്നാനായ കത്തോലിക്കർക്കായി മാർ മാക്കീൽ പിതാവിന്റെ നേതൃത്വത്തിൽ പ്രത്യേക കോട്ടയം രൂപത നേടിയെടുക്കാൻ സാധിച്ചുവെങ്കിൽ, ഇന്ന് ലോകമെമ്പാടുമായി നാല് ലക്ഷത്തോളം വരുന്ന സമുദായ അംഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ സഭാധികാരികൾക്ക് ബാധ്യതയുണ്ടെന്ന് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

മലബാർ കുടിയേറ്റത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വഴിതെളിച്ച മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, കെ.സി.വൈ.എൽ, കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.സി.എം കോളേജ് എന്നിവയ്ക്ക് തുടക്കമിട്ട തറയിൽ പിതാവ്, കൂടാതെ 1983-ൽ ചിക്കാഗോയിൽ ആദ്യ മിഷൻ രൂപീകരിച്ച് ആഗോള കുടിയേറ്റത്തിന് പിന്തുണ നൽകിയ കുന്നശ്ശേരി പിതാവ് തുടങ്ങിയ മുൻഗാമികളുടെ സംഭാവനകൾ ചടങ്ങിൽ സ്മരിക്കപ്പെട്ടു. കോട്ടയം രൂപതയുടെയും സമുദായത്തിന്റെയും വളർച്ചയിൽ മുൻ തലമുറ വഹിച്ച പങ്ക് വളരെ വലുതാണെന്നും, വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് ഇവിടെ മിഷനുകളും പള്ളികളും കെട്ടിപ്പടുത്തതെന്നും മേയർ വ്യക്തമാക്കി. വിദേശമണ്ണിൽ കഷ്ടപ്പെട്ട് ജോലിചെയ്ത് നിർമ്മിച്ച സ്ഥാപനങ്ങളുടെ മേൽ സമുദായത്തിന് പൂർണ്ണമായ അവകാശമുണ്ടെന്നും, അല്ലാതെ സീറോ മലബാർ സഭയിൽ നിന്നോ കോട്ടയം രൂപതയിൽ നിന്നോ വായ്പയോ സഹായമോ ലഭിച്ചല്ല ഈ പള്ളികൾ ഉയർന്നുവന്നതെന്നും പ്രസംഗത്തിൽ തുറന്നടിച്ചു.

ഹൈക്കോടതി വിധിയുടെയും സമുദായ ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ ജന്മത്തോടൊപ്പം ‘കർമ്മവും’ ക്നാനായ സ്വത്വത്തിന് അത്യന്താപേക്ഷിതമാണെന്ന നിലപാട് യോഗം അടിവരയിട്ടു സമർത്ഥിച്ചു. ഡി.കെ.സി.സി കോടതിയിൽ സമർപ്പിച്ച ചരിത്രരേഖകളും പുസ്തകങ്ങളും സമുദായത്തിന്റെ തനിമ തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ മേയർ റോബിൻ ഇലക്കാട്ട്, വൈദികരും മെത്രാന്മാരും നീതിക്കു വേണ്ടിയും സ്വന്തം ജനങ്ങളുടെ നിലനിൽപ്പിനു വേണ്ടിയും ഉറച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. സിംഹത്തിന്റെയും കടുവയുടെയും കുറുക്കന്റെയും കഥ ഉപമയാക്കി, അപ്രിയ സത്യങ്ങൾ വിഴുങ്ങാതെ ജനങ്ങളോട് സത്യസന്ധത പുലർത്താൻ വൈദികർ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. അതോടൊപ്പം ഓരോ ഭരണസമിതി വരുമ്പോഴും സംഘടനയുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെ വിമർശിച്ച അദ്ദേഹം, കെ.സി.സി.എൻ.എ ഭരണഘടന അനുസരിച്ചുള്ള സ്ഥിരമായ നിലപാടുകൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടു. ഇത്തവണ കൺവെൻഷനിൽ പങ്കെടുത്ത ആയിരത്തോളം വരുന്ന കുട്ടികൾക്കായി ലാറ്റിൻ റീത്ത് കുർബാന ഉൾപ്പെടുത്താത്തതിലുള്ള വിഷമവും ചടങ്ങിൽ പങ്കുവെച്ചു.

ക്നാനായ ചരിത്രം ഒരിക്കലും മറക്കാനോ മായ്ച്ചുകളയാനോ മറ്റാരുടെയും ആവശ്യങ്ങൾക്കായി തിരുത്തിയെഴുതാനോ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശസ്തമായ പ്രസംഗത്തെ ഉദ്ധരിച്ച്, “ചുവപ്പ് സംസ്ഥാനങ്ങളോ നീല സംസ്ഥാനങ്ങളോ ഇല്ല, യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമേയുള്ളൂ” എന്നതുപോലെ ക്നാനായ സമുദായത്തിൽ മുക്കാൽ ക്നാനായക്കാരനോ അര ക്നാനായക്കാരനോ ഇല്ലെന്നും, മാതാപിതാക്കൾ രണ്ടുപേരും ക്നാനായക്കാരായ സ്വസമുദായ വിവാഹനിഷ്ഠ പാലിക്കുന്ന ഒരേയൊരു ക്നാനായക്കാരൻ മാത്രമേയുള്ളൂ എന്നും പ്രഖ്യാപിച്ചു. കൺവെൻഷൻ സംഘാടകരുടെയും എക്സിക്യൂട്ടീവ് ബോർഡിന്റെയും സേവനങ്ങളെ പ്രശംസിച്ചുകൊണ്ട് 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചാണ് പ്രസംഗം അവസാനിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *