India Mirror News

ദുബായിൽ അൽ കുദ്ര പുതിയ നാലുവരി മേൽപ്പാലം തുറന്നു; കാത്തിരിപ്പ് സമയത്തിൽ 85% കുറവ്

ദുബായിൽ അൽ കുദ്ര പുതിയ നാലുവരി മേൽപ്പാലം തുറന്നു; കാത്തിരിപ്പ് സമയത്തിൽ 85% കുറവ്

ദുബായിലെ അൽ കുദ്ര മേഖലയിൽ പുതുതായി നിർമ്മിച്ച നാലുവരി മേൽപ്പാലവും അനുബന്ധ റോഡുകളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ കുദ്ര സിറ്റിയിൽ നിന്നും ഉം സുഖീം ഭാഗത്തേക്കുള്ള വാഹനത്തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 700 മീറ്റർ നീളമുള്ള ഈ മേൽപ്പാലം യാഥാർത്ഥ്യമാക്കിയത്. പുതിയ പാലം തുറന്നതോടെ ഈ പ്രധാന ഇന്റർസെക്ഷനിലെ കാത്തിരിപ്പ് സമയം ഏഴ് മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി ചുരുങ്ങി. അതായത് 85 ശതമാനത്തോളം സമയലാഭമാണ് യാത്രികർക്ക് ലഭിക്കുന്നത്. മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഈ മേൽപ്പാലം വഴി ഈ മേഖലയിലൂടെയുള്ള ആകെ വാഹനശേഷി 7,800-ൽ നിന്ന് 19,400 ആയി ഉയരുകയും ചെയ്തു.

പദ്ധതിയുടെ ആദ്യഘട്ട റോഡും മേൽപ്പാലവും കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഇതിന്റെ തുടർവികസനത്തിന്റെ ഭാഗമായി അൽ കുദ്രയിൽ നിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലേക്കുള്ള അടുത്തഘട്ട റോഡ് നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി. 500 മീറ്ററും 900 മീറ്ററും നീളമുള്ള രണ്ട് പുതിയ മേൽപ്പാലങ്ങളും മൂന്ന് കിലോമീറ്റർ സർവീസ് റോഡുമാണ് അടുത്ത ഘട്ടത്തിൽ ഒരുങ്ങുന്നത്. എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന റാമ്പുകളോടുകൂടിയ നാലാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ റോഡ് ശൃംഖല പൂർണ സജ്ജമാകും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *