India Mirror News

ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ ഡൽഹി പൊലീസിന്റെ പിടിയിലായി. മെയ് 31-ന് അറസ്റ്റിലായ ഇയാൾ നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയാണ് തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് അതിലൂടെയും ഇയാൾ രഹസ്യവിവരങ്ങൾ ചോർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങളും രേഖകളും പങ്കുവെച്ചതിന് ഒഫീഷ്യൽ സീക്രറ്റ്സ് ആക്ട് (Official Secrets Act) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിങ് കമാൻഡർ കുറച്ചുകാലമായി തങ്ങളുടെ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് വ്യോമസേനാ വക്താവ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീക്കാണ് ഇയാൾ ചിത്രങ്ങളും വീഡിയോകളും സൈനിക യൂണിറ്റുകളുടെ നീക്കവും വിന്യാസവും ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങളും കൈമാറിയത്. തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപുലമായ ഒരു ചാര ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് ഡൽഹി പൊലീസിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *