പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നിർദ്ദേശം നൽകി. പൊലീസ് തങ്ങളുടെ ജോലി കൃത്യമായി ചെയ്യുമെന്നും, ലഹരിമാഫിയകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ഓണം പ്രമാണിച്ച് കൂടുതൽ ജാഗ്രതയോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി പുതിയ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ലഹരി മാഫിയ ഒതുങ്ങിയിരിക്കുന്നത് സർക്കാരിന്റെ നിരീക്ഷണം അയയുമ്പോൾ തിരികെ വരാമെന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും, എന്നാൽ സർക്കാർ എപ്പോഴും ഉണർന്നിരിക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, എറണാകുളത്താണ് അർജുൻ ആയങ്കിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും ആണോ കൈകാര്യം ചെയ്യുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട സംഭവത്തിലും അർജുനെതിരെ പൊലീസ് കേസ് എടുത്തേക്കും. തന്നെയെയും സുഹൃത്തുക്കളെയും പ്രതിയാക്കിയ കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട കുറിപ്പിൽ, അന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത സി.ഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ നേരിട്ടെത്തി പൊന്നാട അണിയിച്ച് ഉമ്മ തരുമെന്നും അല്ലാതെ വിരട്ടേണ്ടതില്ലെന്നും, താൻ വളർന്ന പാർട്ടി വേറെയാണെന്നും അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.



