ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സി.പി. ജോണിനെ പിന്തുണച്ച് മന്ത്രി തുളസി രംഗത്തെത്തി. സി.പി. ജോൺ വനിതകളോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും മന്ത്രിയുടെ പരാമർശങ്ങൾ വ്യാഖ്യാനിച്ചതിലുണ്ടായ വ്യത്യാസങ്ങളാകാം വിവാദത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുമായി നടത്തിയ വിശദമായ ചർച്ചയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ ഉടൻ തന്നെ നൽകുമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
പിന്നോക്ക വിഭാഗങ്ങൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളുടെ കുറവ്, ശുചീകരണ തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ, പാലക്കാട് മെഡിക്കൽ കോളേജിന്റെ നിലവിലെ അവസ്ഥ എന്നീ വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി രണ്ടാം ഘട്ട ചർച്ച ഉടൻ നടത്തും. വൈകുന്നേരം നാലു മണിക്ക് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്വർണ്ണം നൽകുന്ന പദ്ധതി ഇനി പുനരാരംഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ്ണത്തിന്റെ ഉയർന്ന വിലയാണ് ഇതിന് തടസ്സമാകുന്നത്. അതിന് പകരം വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാനാണ് തീരുമാനം. വകുപ്പിന് 214 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ആദിവാസി വിഭാഗങ്ങളുമായി നേരിട്ട് സംസാരിച്ച് അവരുടെ വിഷയങ്ങൾ മനസ്സിലാക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.



