കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, നാളെ (ബുധനാഴ്ച, ഓഗസ്റ്റ് 5) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും പുറമേ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. അതേസമയം, റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും പ്രവർത്തിക്കാവുന്നതാണ്.
അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജില്ലയിലുടനീളം പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ ചുരങ്ങളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും, യാത്ര ചെയ്യേണ്ടിവരുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.



