ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പദ്ധതി നിലവിലെ മാതൃകയിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി വ്യക്തമാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതി നിലവിലുള്ള രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന കാര്യം ഇ. ശ്രീധരനെയും കേന്ദ്ര സർക്കാരിനെയും സമിതി അറിയിച്ചിട്ടുണ്ട്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൂരത്തിൽ, 23 സ്റ്റേഷനുകളോടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉറപ്പുനൽകുന്ന പാതയായിരുന്നു ഇ. ശ്രീധരൻ സർക്കാരിന് മുന്നിൽ സമർപ്പിച്ച പദ്ധതി നിർദ്ദേശം. എന്നാൽ, കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻകൂട്ടി നിശ്ചയിച്ച മറ്റു പദ്ധതികളുണ്ടെന്നും മുൻപ് പ്രഖ്യാപിച്ചിരുന്ന സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതാണെന്നും കേന്ദ്ര സർക്കാർ സഭയിൽ വ്യക്തമാക്കി.



