ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടി പ്രതീക്ഷിച്ചതുപോലെ തന്നെയെന്ന് സി.പി.ഐ.എം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ അന്ന് രൂക്ഷമായി വിമർശിച്ച വി.ഡി. സതീശന്റെ നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗ്യാലറിയിലിരുന്ന് പറയുന്നത് പോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ഇൻവെസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ സർപ്രൈസ് ആയി പുറത്തുവരുമായിരിക്കും എന്ന് പരിഹസിച്ച അദ്ദേഹം, സംസ്ഥാനത്ത് കനത്ത മഴക്കെടുതി നിലനിൽക്കെ വിരുന്നിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും വിമർശിച്ചു. ഭീതിജനകമായ സാഹചര്യമില്ലെന്ന് വ്യക്തമാക്കാനാണ് ഭക്ഷണം കഴിച്ചതെന്ന് ന്യായീകരിക്കാമായിരുന്നു എന്നും, ഭക്ഷണം കഴിച്ചത് വിവാദമാക്കാൻ സി.പി.ഐ.എമ്മിന് താല്പര്യമില്ലെന്നും രാജീവ് വ്യക്തമാക്കി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഇന്നാണോ സർക്കാരിന്റെ യോഗം ചേർന്നതെന്ന് ചോദിച്ച പി. രാജീവ്, ഇതുവരെ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നിർദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോപിച്ചു. മുൻപ് സംസ്ഥാനം പ്രളയത്തെ നേരിട്ടപ്പോഴൊക്കെ അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചിരുന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതെന്നും, എന്നാൽ ഇന്നത്തെ ഭരണകർത്താക്കൾ അത്തരം ഒരു രീതി പിന്തുടരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ യു.ഡി.എഫ് സർക്കാർ സബ് കമ്മിറ്റി രൂപീകരിച്ചത് പദ്ധതി നടപ്പാക്കാനായി സ്കൂളുകൾ തിരഞ്ഞെടുക്കാനാണെന്നും കാര്യങ്ങൾ ഇതിലൂടെ വ്യക്തമായെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.



