ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഛിന്നഗ്രഹ പതനം ദീർഘകാല ശൈത്യകാലത്തിന് പുറമെ അതിശക്തമായ ആഗോള അഗ്നിക്കാറ്റുകൾക്കും വഴിവെച്ചിരിക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. മനുഷ്യന് മാരകമെന്ന് കണക്കാക്കുന്ന താപപരിധിയേക്കാൾ 17 മടങ്ങ് അധികമായ ചൂട് ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ യുകാറ്റാൻ ഉപദ്വീപിൽ 10 കിലോമീറ്റർ വീതിയുള്ള ഭീമാകാരമായ ഛിന്നഗ്രഹം പതിച്ചാണ് ചിക്സുലബ് ഗർത്തം രൂപപ്പെട്ടത്. പതനത്തിന്റെ ആഘാതത്തിൽ ബാഷ്പമായി ഉയർന്ന് അന്തരീക്ഷത്തിൽ വെച്ച് ചെറു ഗോളാകൃതിയിലുള്ള കണങ്ങളായി മാറിയ പാറക്കഷണങ്ങൾ അതിവേഗത്തിൽ ഭൂമിയിലേക്ക് തിരികെ പതിച്ചപ്പോൾ വലിയ തോതിൽ താപ വികിരണം രൂപപ്പെടുകയായിരുന്നു.
പർഡ്യൂ സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞനായ ബ്രാൻഡൻ ജോൺസന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ആഘാതത്തിൽ ഉയർന്ന സൂക്ഷ്മമായ സിലിക്കേറ്റ് പൊടി അന്തരീക്ഷത്തിൽ ഒരു പുതപ്പ് പോലെ നിലയുറപ്പിക്കുകയും ഭൂമിയിലെ ചൂട് ബഹിരാകാശത്തേക്ക് തടയുകയും ചെയ്തതാണ് താപാഘാതം മുൻപ് കരുതിയതിനേക്കാൾ 3.5 മടങ്ങ് വർധിക്കാൻ കാരണമായത്. ആദ്യ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ വ്യാപകമായ കാട്ടുതീ ഉണ്ടാകുകയും വലിയ തോതിൽ ജീവജാലങ്ങൾ നശിക്കുകയും ചെയ്തിരിക്കാം. എന്നാൽ മണ്ണിലും വെള്ളത്തിലും അഭയം തേടിയ ജീവികൾ ഈ ആദ്യ താപാഘാതത്തെ അതിജീവിച്ചു. തുടർന്ന് അന്തരീക്ഷത്തിലെ പൊടി സൂര്യപ്രകാശത്തെ തടഞ്ഞതിനെത്തുടർന്നാണ് വർഷങ്ങൾ നീണ്ട ‘ആഘാത ശൈത്യകാലം’ രൂപപ്പെട്ടത്. നിലവിൽ വടക്കേ അമേരിക്കയിൽ മാത്രം തെളിവുകളുള്ള ഈ അഗ്നിക്കാറ്റ് സിദ്ധാന്തത്തിന്റെ കൂടുതൽ തെളിവുകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.



