സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ മേഖലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ജനജീവിതം പൂർണ്ണമായി ദുരിതത്തിലായി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും നിരവധി വീടുകൾ ഒറ്റപ്പെടുകയും ചെയ്തു. വള്ളങ്ങളിലും ഡിങ്കി ബോട്ടുകളിലുമാണ് ഇവിടെയുള്ള രോഗികളടക്കമുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവ പൂർണ്ണമായി വെള്ളത്തിനടിയിലാണ്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി നൂറനാട് ക്യാമ്പിൽ നിന്ന് രണ്ട് സംഘങ്ങൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി തിരിച്ചു. എ.സി റോഡിൽ (ആലപ്പുഴ – ചങ്ങനാശ്ശേരി) വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എറണാകുളം മൂവാറ്റുപുഴയിലെ കൊച്ചങ്ങാടി, ഇലാഹി നഗർ കോളനി എന്നിവിടങ്ങളിലെ വീടുകളിൽ വീണ്ടും വെള്ളം കയറിയതിനെ തുടർന്ന് ഒൻപത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് വിവിധിടങ്ങളിലായി 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടെ വെള്ളിപറമ്പിൽ നൗഷാദ് എന്നയാളുടെ വീട് മഴയിൽ പൂർണ്ണമായി തകർന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 118.36 അടിയും ഇടുക്കി അണക്കെട്ടിലേത് 2343 അടിയുമെത്തി. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.



