നെന്മാറ പോത്തുണ്ടിയിൽ 80-ലേറെ യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പോത്തുണ്ടി ഡാമിനടുത്തുള്ള ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് കൂടുതൽ താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് സമീപത്തെ മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.
അപകടവിവരമറിഞ്ഞ് നെന്മാറയിൽ നിന്നും ഏഴോളം ആംബുലൻസുകൾ സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിൽ ബസിൽ കുടുങ്ങിക്കിടന്ന മുഴുവൻ യാത്രക്കാരെയും പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.



