India Mirror News

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം: ജാപ്പനീസ് കമ്പനിയുടെ ‘ക്യുഡെംഗ’ ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം: ജാപ്പനീസ് കമ്പനിയുടെ ‘ക്യുഡെംഗ’ ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകേഡ വികസിപ്പിച്ച ‘ക്യുഡെംഗ’ (TAK-003) എന്ന ലൈവ് അറ്റൻവേറ്റഡ് ടെട്രാവാലന്റ് വാക്സിനാണ് രാജ്യത്ത് ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. DENV-1 മുതൽ DENV-4 വരെയുള്ള നാല് ഡെങ്കി വൈറസ് സ്ട്രെയിനുകൾക്കെതിരെയും സംരക്ഷണം നൽകുന്ന ഈ വാക്സിന്റെ പ്രധാന സവിശേഷത, കുത്തിവെപ്പിന് മുന്നോടിയായി മുൻകൂർ ഡെങ്കി പരിശോധന ആവശ്യമില്ല എന്നതാണ്. ചർമ്മത്തിനടിയിൽ രണ്ട് ഡോസുകളായി നൽകുന്ന ഈ വാക്സിൻ, ആദ്യ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. യൂറോപ്യൻ യൂണിയൻ, യുകെ, ബ്രസീല്, ഇന്തോനേഷ്യ ഉൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിൽ നിലവിൽ ക്യുഡെംഗ ഉപയോഗത്തിലുണ്ട്.

ആഗോളതലത്തിലെ ഡെങ്കി കേസുകളിൽ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രോഗബാധ 11 മടങ്ങ് വർദ്ധിച്ചതുമായ ഇന്ത്യക്ക് ഈ വാക്സിൻ വലിയ ആശ്വാസമാകും. ഇതിനുമുമ്പ് കൊതുക് നിർമ്മാർജ്ജനവും ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും മാത്രമായിരുന്നു പ്രതിരോധ മാർഗ്ഗങ്ങൾ. സി.ഡി.എസ്.സി.ഒയും ടകേഡയും ചേർന്ന് ഇന്ത്യയിലെ വാക്സിനേഷൻ സംബന്ധിച്ച അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. വ്യക്തിക്ക് മുൻപ് ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഇത് സ്വീകരിക്കാനാകും. 20,000-ത്തിലധികം കുട്ടികളിൽ നടത്തിയ പഠനത്തിൽ, ഡെങ്കി മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടാനുള്ള സാധ്യത 84 ശതമാനവും ലബോറട്ടറി സ്ഥിരീകരിച്ച അണുബാധ തടയുന്നതിൽ 61 ശതമാനവും ഫലപ്രാപ്തി ഈ വാക്സിൻ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ യുമായി സഹകരിച്ച് പ്രതിവർഷം 50 ദശലക്ഷം ഡോസുകൾ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിനാൽ വാക്സിന്റെ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാകും വിതരണം. അതേസമയം, വാക്സിനേഷൻ വന്നതുകൊണ്ട് മാത്രം ഡെങ്കിപ്പനിയെ പൂർണ്ണമായി പ്രതിരോധിക്കാൻ കഴിയില്ലെന്നും ശുചിത്വവും കൊതുക് നിയന്ത്രണവും തുടരേണ്ടതുണ്ടെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. എങ്കിലും ഗുരുതര രോഗാവസ്ഥയും ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കുറയ്ക്കാൻ ഈ പുതിയ വാക്സിന് സാധിക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *