നാടകീയ നീക്കങ്ങൾക്കും മാസങ്ങൾ നീണ്ട ഭരണപക്ഷത്തെ രൂക്ഷമായ ഭിന്നതകൾക്കുമൊടുവിൽ പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. കോൺഗ്രസിലെ നാല് കൗൺസിലർമാരും വൈസ് ചെയർമാൻ മായാ രാഹുലും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. അതേസമയം, ജോസഫ് ഗ്രൂപ്പിലെ മൂന്ന് കൗൺസിലർമാരും രണ്ട് കോൺഗ്രസ് കൗൺസിലർമാരും പുളിക്കകണ്ടത്തെ കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു.
പുളിക്കകണ്ടം കൗൺസിലർമാരുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്ന വിമത കോൺഗ്രസ് അംഗങ്ങൾക്ക്, അവിശ്വാസം പരാജയപ്പെടുത്താൻ ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നെങ്കിലും അവർ അത് അവഗണിക്കുകയായിരുന്നു. ഭരണപക്ഷത്തിനുള്ളിലെ കടുത്ത പൊട്ടിത്തെറിയെ തുടർന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഏറെ നാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇപ്പോൾ പാലാ നഗരസഭയിൽ അവിശ്വാസം പാസായി യു.ഡി.എഫിന് അധികാരം നഷ്ടമായിരിക്കുന്നത്.



