കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. കേസ് അന്വേഷിക്കുന്ന പൊലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ നഗ്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം തൊപ്പിക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ തൊപ്പിക്കെതിരെ പൊലീസ് ആദ്യമായി അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് പ്രതിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് കർശനമായ നിയമനടപടികളിലേക്ക് കടന്നത്. ഈ കേസിൽ അറസ്റ്റ് ഒഴുവാക്കാനായി തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പൊലീസ് ശക്തമായി കോടതിയിൽ എതിർത്തിട്ടുണ്ട്. പ്രതി ചെയ്തത് അതീവ ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ് ഈ വിഷയത്തിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്.



