India Mirror News

ആയിരത്തിലധികം പ്രതിഭകൾക്ക് ആദരം; കടുത്തുരുത്തി എം.എൽ.എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

ആയിരത്തിലധികം പ്രതിഭകൾക്ക് ആദരം; കടുത്തുരുത്തി എം.എൽ.എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡുദാനവും നടന്നു; 1000-ലധികം പ്രതിഭകളെ ആദരിച്ചു

കടുത്തുരുത്തി: നാളെയുടെ വാഗ്ദാനങ്ങളായ പ്രതിഭയും കഴിവുമുള്ള വിദ്യാർത്ഥികളിലും യുവജനങ്ങളിലുമാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആദരവും അംഗീകാരങ്ങളും അവരുടെ കഴിവുകളെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും ബഹു. ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പ്രസ്താവിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറിയ 25-ാമത് പ്രതിഭാസംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണ സമ്മേളനവും കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വെച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ലഹരിവിരുദ്ധ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.
കോട്ടയം ജില്ലാ കളക്ടർ ശ്രീ. ചേതൻ കുമാർ മീണ IAS യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. വിഘ്നേശ്വരി IAS മുഖ്യപ്രഭാഷകയായും പങ്കെടുത്തു. കൊച്ചി റേഞ്ച് ഡി.ഐ.ജി ശ്രീ. യതീഷ് ചന്ദ്ര IPS ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകി.

യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, എസ്.എസ്.എൽ.സി – ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്ക് ചടങ്ങിൽ എം.എൽ.എ എക്സലൻസ് പുരസ്‌കാരം നൽകി അനുമോദിച്ചു. വിപുലമായ ഈ വേദിയിൽ 1000-ലധികം പ്രതിഭകളെയാണ് ഒരേ വേദിയിൽ ആദരിച്ചത്.

പാലാ ബ്രില്ല്യന്റ് ഡയറക്ടർ ജോർജ്ജ് തോമസ്, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ചലച്ചിത്ര താരങ്ങളായ ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അൻസിബ ഹസൻ, അർജുൻ ശ്യാംഗോപൻ, മിസ് ക്വീൻ ഓഫ് ഇന്ത്യ ഹർഷ ശ്രീകാന്ത്, പ്രമുഖ പിന്നണി ഗായിക മരിയ മാത്യു കോലടി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു.
വിവിധ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച അനീഷ് എം.ഡി (ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ), വിധു രാജീവ് (ദേശീയ-സംസ്ഥാന ക്ഷീരകർഷക അവാർഡ് ജേതാവ്), ചിത്ര റെജിൻ (മിസ് സൗത്ത് ഇന്ത്യ), കീർത്തന (ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് താരം), ഡോ. മാത്യൂസ് എബ്രഹാം, ഡോ. റെമി ജോസഫ് മനോജ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു.

പ്രോഗ്രാം കോർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജോസ് രാഗാദ്രി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പ്രോഗ്രാം റിപ്പോർട്ടിംഗും നിർവ്വഹിച്ചു. സ്വാഗത സംഘം കൺവീനർ ജോണി കണിലവേലി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രതിഭകളെ വരവേറ്റുകൊണ്ട് ഗാനമഞ്ജരി അരങ്ങേറി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *