രാജസ്ഥാനിലെ ജയ്പൂരിൽ അമ്മയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിയായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ ജൂലൈ 3-ന് ജയ്പൂരിലെ പ്രതാപ് നഗറിൽ വെച്ചാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമ്മയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതും ആയുഷി ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തതും. അമ്മയോടുള്ള പകയും കുടുംബ സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിരുന്നു. ഈ കേസിൽ ആയുഷിയെ സഹായിച്ച ബന്ധു ബൽറാം നിലവിൽ ഒളിവിലാണ്.
ഈ കൊലപാതകത്തിന് പിന്നാലെ, 2025 ഏപ്രിലിൽ നടന്ന ആയുഷിയുടെ പിതാവും രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററുമായിരുന്ന വിജയ് ശർമ്മയുടെ മരണവും കൊലപാതകമാണെന്ന ആരോപണവുമായി അമ്മാവൻ രാകേഷ് ശർമ്മ ഇപ്പോൾ പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുകയാണ്. അച്ഛന്റെ മരണത്തിന് പിന്നിലും ആയുഷി തന്നെയാണെന്നാണ് ബന്ധുക്കളുടെ പരാതി. 2024-ൽ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നൽകിയില്ലെന്നും മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് അച്ഛനെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം മൂന്ന് മാസത്തോളം വിവരമൊന്നും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് ശരീരത്തിന്റെ 90 ശതമാനവും തകരാറിലായ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടെത്തിയതെന്നും തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും വ്യക്തമാക്കുന്ന ബന്ധുക്കൾ, പിതാവിന്റെ മരണവും സമാനമായ രീതിയിൽ ആയുഷി ആസൂത്രണം ചെയ്തതാണെന്ന് ആരോപിക്കുന്നു.



