കൊച്ചിയിലെ വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക് ഷോറിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുവിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ തുടർച്ചയായി ലേക് ഷോർ ആശുപത്രി എം.ഡി എസ്.കെ. അബ്ദുല്ലയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഡോക്ടർമാരിലേക്കും അന്വേഷണം നീണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ ഉൾപ്പെടെ ആറോളം പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ആറ് അവയവക്കച്ചവട കേസുകളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി പ്രത്യേകമായി അന്വേഷിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വൻ മാഫിയാ സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആലപ്പുഴ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ മുഖ്യസൂത്രധാരൻ നജീബാണ് ഈ സംഘങ്ങളെയും ഇടനിലക്കാരെയും ഏകോപിപ്പിച്ചിരുന്നത്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ചായിരുന്നു ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ചെറിയ തുക നൽകി അവയവ കൈമാറ്റം ഉറപ്പിക്കുകയും, തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന സമ്പന്നർക്ക് ഇത് വൻ തുകയ്ക്ക് വിൽക്കുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നടക്കുന്ന ഓരോ ശസ്ത്രക്രിയയ്ക്ക് പിന്നാലെയും നജീബിന് ആശുപത്രികളിൽ നിന്ന് വൻ തുക കമ്മീഷനായി ലഭിച്ചതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. നിലവിൽ ഇവരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇഡി വിശദമായി പരിശോധിച്ചുവരുന്നത്.



