ബെംഗളൂരുവിലെ അനേകലിൽ സ്കൂളിൽ നിന്ന് മുപ്പത് രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. അനേകലിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ അനേകൽ സൂര്യനഗർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അധ്യാപകർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്നും പരസ്യമായി അപമാനിച്ചതുമാണ് ജീവനൊടുക്കാൻ കാരണമെന്നും പെൺകുട്ടിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിൽ നിന്ന് മുൻപ് ഇരുപത് രൂപയും പത്ത് രൂപയും കാണാതായ സംഭവത്തിലാണ് അധ്യാപകർ കുട്ടിയെ പ്രതിയാക്കി ക്രൂരമായി വഴക്കുപറഞ്ഞതും മാനസികമായി തളർത്തിയതും.
അധ്യാപകരിൽ നിന്നുണ്ടായ കടുത്ത അപമാനം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നുവെന്നും തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ലെന്നും കത്തിൽ പറയുന്നു. തന്റെ മരണത്തിൽ അമ്മയോ സഹോദരങ്ങളോ ഉത്തരവാദികളല്ലെന്നും അമ്മയും കുടുംബവും തന്നോട് ക്ഷമിക്കണമെന്നും സ്വന്തം തീരുമാനപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. സംഭവസമയം പെൺകുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ ബന്ധുക്കളാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും ആശുപത്രിയിലായിരുന്ന അമ്മയെ വിവരമറിയിച്ചതും. വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറയുന്നതുപോലെ അധ്യാപകരുടെ നിരന്തരമായ കുറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളുമാകാം മകളെ ഈ ചുവടുവെക്കാൻ പ്രേരിപ്പിച്ചതെന്നും എന്നാൽ ഏത് അധ്യാപകരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.



