ഹരിയാണയിലെ ഗുരുഗ്രാമിൽ പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ അതിശക്തമായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെടുകയും മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിദേശത്തിരുന്ന് അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാലിന്റെ സംഘാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു സ്കോർപിയോ കാറിൽ മാരകായുധങ്ങളുമായി ഗുണ്ടാസംഘം ഗുരുഗ്രാമിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട് ലക്ഷ്യമാക്കി നീങ്ങുന്നതായി പോലീസിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.
സുശാന്ത് ലോകിലെത്തിയ പോലീസ്, ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരെ തുരുതുരാ വെടിയുതിർക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പോലീസ് തന്ത്രപരമായി ഗുണ്ടകളെ വളയുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പോലീസിന്റെ നിർദ്ദേശം അനുസരിക്കാൻ കൂട്ടാക്കാതിരുന്ന അക്രമിസംഘം അവർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. ഇതോടെ സ്വയരക്ഷാർത്ഥം പോലീസും ശക്തമായി തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിൽ ഏകദേശം അറുപതോളം റൗണ്ട് വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസിന്റെ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് ഗുണ്ടകളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് പോലീസുകാരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ സുരക്ഷ ശക്തമാക്കിയ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



