India Mirror News

ഇന്ത്യയിൽ 2800 കോടിയുടെ നിക്ഷേപവുമായി ഓസ്ട്രേലിയൻ കമ്പനി

ഇന്ത്യയിൽ 2800 കോടിയുടെ നിക്ഷേപവുമായി ഓസ്ട്രേലിയൻ കമ്പനി

ഇന്ത്യയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ കമ്പനിയായ ഓസ്‌ട്രേലിയൻസൂപ്പർ ഇന്ത്യയിൽ 2800 കോടി രൂപയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ അവിടുത്തെ മുൻനിര വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര്‍ നിക്ഷേപ തീരുമാനം അറിയിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. ഓസ്‌ട്രേലിയൻസൂപ്പറിന്റെ ഈ വലിയ ചുവടുവെപ്പിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച ആഗോള നിക്ഷേപകർക്ക് മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കുകയും ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഇന്തോനേഷ്യയിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ എത്തിയത്. മെൽബണിലെ ഹോട്ടലിൽ എത്തിയ അദ്ദേഹത്തിന് അവിടുത്തെ ഇന്ത്യൻ സമൂഹം ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി ഇന്ന് നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകളിൽ വ്യാപാര-പ്രതിരോധ കരാറുകൾക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ വ്യവസായികളുടെ സംയുക്ത യോഗത്തിലും ഇന്ന് വൈകിട്ട് നടക്കുന്ന പ്രവാസി ഭാരതീയരുടെ വിപുലമായ സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *