India Mirror News

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: സുരക്ഷാ വീഴ്ചകൾ നിരത്തി എസ്‌ഐടി റിപ്പോർട്ട്; ചമ്പത്ത് റായിയെ തള്ളി ട്രഷറർ.

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: സുരക്ഷാ വീഴ്ചകൾ നിരത്തി എസ്‌ഐടി റിപ്പോർട്ട്; ചമ്പത്ത് റായിയെ തള്ളി ട്രഷറർ.

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജൂൺ 23-ന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും ആവശ്യമായ പരിശോധനകൾ ഉണ്ടായില്ലെന്നും ഈ മുറിയിൽ യാതൊരുവിധ മേൽനോട്ടവും ഉണ്ടായിരുന്നില്ലെന്നും എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു. ജീവനക്കാരുടെ വസ്ത്രധാരണ രീതിയിൽ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നില്ല. ഓരോ ഭണ്ഡാരത്തിലെയും സംഭാവനകൾ പ്രത്യേകം എണ്ണുകയോ, നോട്ടുകൾ തരംതിരിച്ച് തിട്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല. ട്രസ്റ്റ് ഭാരവാഹികളോ ബാങ്ക് ഉദ്യോഗസ്ഥരോ കാര്യങ്ങൾ നിരീക്ഷിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും, ജീവനക്കാർ വസ്ത്രത്തിന്റെ പോക്കറ്റിലും ഷൂസിലും പണം ഒളിപ്പിച്ചു കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മോഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റ് ജീവനക്കാർ അത് തടയാൻ ശ്രമിച്ചില്ല. ഇത്തരത്തിൽ 70 തവണ മോഷണം നടന്നതായാണ് കണ്ടെത്തൽ. ജീവനക്കാരുടെ മൊഴിയും പണത്തിന്റെ കണക്കും ബാങ്ക് നിക്ഷേപങ്ങളും പരിശോധിക്കുമ്പോൾ ഏപ്രിൽ 27-ന് മുൻപും മോഷണം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് എസ്‌ഐടി വിലയിരുത്തുന്നു. എന്നാൽ അതിനുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.

അതിനിടെ, സംഭവത്തിൽ ചമ്പത്ത് റായിയെ തള്ളി അയോധ്യ തീർത്ഥ ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി രംഗത്തെത്തിയിട്ടുണ്ട്. ചമ്പത്ത് റായിക്ക് ഈ തട്ടിപ്പിൽ ഉത്തരവാദിത്വമുണ്ടെന്നും ഭരണ നിർവഹണത്തിൽ അമിതമായ ലാളിത്യം പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സീത മാരീചനെ വിശ്വസിച്ചതുപോലെയാണ് ചമ്പത്ത് റായ് തന്റെ ഡ്രൈവറെ വിശ്വസിച്ചതെന്നും ഗോവിന്ദ് ഗിരി കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർക്കും എസ്ബിഐ അധികൃതർക്കും ഈ വീഴ്ചയിൽ തുല്യ ഉത്തരവാദിത്വമുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകാൻ ട്രസ്റ്റിലെ ഐഎഎസ് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ട്രസ്റ്റിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ചമ്പത്ത് റായിയും രംഗത്തെത്തി. ട്രസ്റ്റിന്റെ നിർദേശപ്രകാരമായിരുന്നു ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും എസ്‌ഐടിയുടെ അന്വേഷണം പൂർത്തിയായാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ പ്രചരിക്കപ്പെട്ട തെറ്റായ വിവരങ്ങൾക്കുള്ള മറുപടിയാകും. സത്യം അധികം വൈകാതെ പുറത്തുവരും. 1991 ഒക്ടോബർ മുതൽ താൻ തന്റെ സംഘടനയിലൂടെ രാമക്ഷേത്രത്തിന് വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. തന്റെ 45 വർഷത്തെ പൊതുജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെന്നും ചമ്പത്ത് റായി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *