തിരുവനന്തപുരം: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദൗർഭാഗ്യകരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഒരാൾ മരണപ്പെട്ടതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വി. ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസ്ഥലത്തെ മണ്ണ് മുൻകൂട്ടി നീക്കം ചെയ്യണമെന്ന് കഴിഞ്ഞ മാസം 20-ന് തന്നെ ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജരും കണിശമായ ഉത്തരവിറക്കിയിരുന്നതായും പൊതുമരാമത്ത് മന്ത്രി ഇക്കാര്യം കരാറുകാരെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, കരാറുകാർ ഈ നിർദ്ദേശം പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെളി കലർന്നതും വ്യത്യസ്തമായ ഘടനയുള്ളതുമായ മണ്ണ് സ്ക്രാപ്പ് ചെയ്ത് അവിടെത്തന്നെ വെച്ചിരുന്നതാണ് അപകടത്തിന് കാരണമായത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും എങ്കിലും ദുരന്തത്തിൽപ്പെട്ടവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടർന്ന് നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിലവിൽ മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ കോഴിക്കോട് നിന്നുള്ള എൻഡിആർഎഫ് സംഘവും പോലീസും ഫയർഫോഴ്സും തൃശൂരിൽ നിന്നുള്ള പ്രതിരോധ സേനയുടെ (ഡിഫൻസ്) ഒരു സംഘവും ഉടൻ തന്നെ ദുരന്തസ്ഥലത്തേക്ക് എത്തും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രദേശത്ത് 265 മില്ലീമീറ്റർ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ചൂരൽമല പുഴയിൽ ഒഴുക്ക് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.



