മലയാളം, തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി മൂന്ന് പതിറ്റാണ്ടിലേറെയായി ദൃശ്യമികവിന്റെ പുതിയ ശൈലികൾ തീർത്ത പ്രശസ്ത ഛായാഗ്രാഹകൻ എസ്. ശരവണൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. പ്രമുഖ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഈ മടങ്ങിവരവ്. മുൻപ് ഷാജി കൈലാസിന്റെ തന്നെ ‘ദി കിംഗ് ആൻഡ് ദ കമ്മീഷണർ’ എന്ന മമ്മൂട്ടി-സുരേഷ് ഗോപി ചിത്രത്തിനും, മോഹൻലാലിന്റെ ‘അലി ഭായ്’, ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്നീ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് ശരവണനായിരുന്നു. വാണിജ്യ സിനിമകളായാലും കഥാപ്രാധാന്യമുള്ള ചിത്രങ്ങളായാലും പ്രകാശ-നിഴൽ വിന്യാസം, മനോഹരമായ ഫ്രെയിമിംഗ്, ചലനാത്മകമായ ആക്ഷൻ രംഗങ്ങൾ എന്നിവയിലൂടെ കഥയുടെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം എന്നും സവിശേഷമായ മികവ് പുലർത്തിപ്പോന്നിട്ടുണ്ട്.
വിജയ് നായകനായി 150 ദിവസത്തിലേറെ തിയേറ്ററുകളിൽ നിറഞ്ഞോടിയ തമിഴ് ബോക്സ് ഓഫീസ് ഹിറ്റ് ‘മധുരേ’ക്ക് പുറമെ ‘പൂവേ ഉനക്കാഗ’, ‘സൂര്യവംശം’, ‘പ്രിയമാന തോഴി’, ‘സംഗമം’ തുടങ്ങി ദക്ഷിണേന്ത്യയിൽ തരംഗമായ ഒട്ടനവധി ചിത്രങ്ങൾക്ക് പിന്നിലും എസ്. ശരവണന്റെ ക്യാമറാക്കണ്ണുകളായിരുന്നു. അനുഭവസമ്പത്തും സാങ്കേതിക തികവും ഒരേപോലെ സമന്വയിപ്പിക്കുന്ന ഈ പ്രതിഭ, ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം ‘വരവി’ലൂടെ മലയാളികൾക്ക് മികച്ചൊരു ദൃശ്യവിരുന്ന് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ഹൈറേഞ്ച് മേഖലയുടെ പ്രകൃതിഭംഗി ഒട്ടും ചോരാതെ, ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് കനത്ത തീവ്രത പകരാൻ അദ്ദേഹത്തിന്റെ ക്യാമറാ വർക്കിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിആർഒ മഞ്ജു ഗോപിനാഥാണ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.



