India Mirror News

മരുന്നുകളും സ്റ്റീറോയിഡുകളുമായി ജീവിതസമരം; കടുത്ത ആരോഗ്യപ്രതിസന്ധി തുറന്നുപറഞ്ഞ് സീരിയൽ താരം കിഷോർ.

മരുന്നുകളും സ്റ്റീറോയിഡുകളുമായി ജീവിതസമരം; കടുത്ത ആരോഗ്യപ്രതിസന്ധി തുറന്നുപറഞ്ഞ് സീരിയൽ താരം കിഷോർ.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ നടൻ കിഷോർ താൻ നേരിടുന്ന കഠിനമായ ആരോഗ്യപ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ താരം കഴിഞ്ഞ നാല് വർഷമായി കടുത്ത രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മദ്യപിക്കാത്തവരിലും കണ്ടുവരുന്ന ‘നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ്’ (കരൾ രോഗം) ബാധിച്ചതിന് പിന്നാലെ തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും നടന് കണ്ടെത്തുകയായിരുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കടുത്ത പ്രമേഹവും കരൾ രോഗവും കാരണം ശസ്ത്രക്രിയ പോലും ചെയ്യാൻ കഴിയാത്ത തന്റെ അവസ്ഥയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. നിലവിൽ ഒരു ബാഗ് നിറയെ മരുന്നുകളും ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് താരം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ ആറരയ്ക്ക് തുടങ്ങി രാത്രി പതിനൊന്ന് മണിവരെ നീളുന്ന മരുന്ന് കുറിപ്പടികളാണ് ഇപ്പോൾ ഭക്ഷണത്തേക്കാൾ കൂടുതൽ തന്റെ ജീവിതത്തിന്റെ ഭാഗമെന്നും അദ്ദേഹം പങ്കുവെച്ചു.

ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റ് ജോലികൾക്കൊന്നും പോകാൻ കഴിയാത്തതിനാലാണ് കഠിനമായ ഈ അവസ്ഥയിലും താരം അഭിനയരംഗത്ത് തുടരുന്നത്. മുൻപ് ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ ഉപജീവനത്തിനായി വാഹനം ഓടിക്കാൻ പോകുമായിരുന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു. സീരിയൽ രംഗത്ത് 25 വർഷം പിന്നിട്ട കിഷോർ, നിലവിൽ ‘മഴതോരും മുമ്പെ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഇതിന്റെ തിരക്കഥാകൃത്ത് ജോയ്സി, സംവിധായകരായ ബിനു വെള്ളത്തൂവൽ, മനു എന്നിവരോടുള്ള പൂർണ്ണമായ വിശ്വാസം കൊണ്ടാണ് കഥ പോലും ചോദിക്കാതെ ഈ പ്രോജക്റ്റ് സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. കോട്ടും സൂട്ടുമിട്ട ആഡംബര കഥാപാത്രങ്ങളേക്കാൾ ലുങ്കിയുടുത്ത് നടക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ വേഷം ചെയ്യാനാണ് തനിക്കിഷ്ടം. സീരിയലുകളിൽ കൃത്യമായ സ്ക്രിപ്റ്റ് ഉണ്ടാകാറില്ലെന്നും റേറ്റിംഗിനനുസരിച്ച് കഥ മാറുമെന്നതിനാലുമാണ് താൻ കഥ ചോദിക്കാത്തതെന്നും, മാസത്തിൽ എത്ര ദിവസത്തെ ഷൂട്ടും എത്ര പ്രതിഫലവും ലഭിക്കുമെന്ന് മാത്രമാണ് അന്വേഷിക്കാറുള്ളതെന്നും കിഷോർ തുറന്നുപറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *