പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാറ്റിവെച്ചു. കേസിൽ ഇന്ന് വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നടപടി നീണ്ടുപോയത്. അടുത്ത ദിവസങ്ങളിൽ തന്നെ കേസിൽ വിധി പ്രസ്താവമുണ്ടാകുമെന്നാണ് കരുതുന്നത്. വിധി മാറ്റിവെച്ച പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഇന്ന് കോടതിയിലെത്തില്ല. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പ്രതി, പിന്നീട് ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിച്ചാണ് നെന്മാറയിലെ പോത്തുണ്ടിയിൽ എത്തിയത്. പ്രതി പ്രദേശത്ത് എത്തിയ വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതി കൈവശം കരുതിയിരുന്ന വാളുപയോഗിച്ച് സുധാകരനെ വെട്ടിവീഴ്ത്തിയത്. തടയാൻ ഓടിയെത്തിയ വയോധികയായ അമ്മ ലക്ഷ്മിയെയും ഇയാൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബം തകരാൻ കാരണം സുധാകരനാണെന്ന സംശയമാണ് ചെന്താമരയെ ഈ പ്രതികാരക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ചെന്താമരയുടെ ബന്ധുക്കൾ ഉൾപ്പെടെ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വിസ്താരവേളയിൽ സാക്ഷികളിൽ പലരും പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നെങ്കിലും, പ്രതിക്കെതിരെയുള്ള എല്ലാ ശക്തമായ തെളിവുകളും കൃത്യമായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും ഇല്ലാതാക്കിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് സുധാകരന്റെ മക്കൾ ആവശ്യപ്പെട്ടു. ഇപ്പോഴും കോടതിയിൽ വിചാരണയ്ക്ക് എത്തുമ്പോൾ പ്രതി തങ്ങൾക്കെതിരെ കൊലവിളി മുഴക്കാറുണ്ടെന്നും, കടുത്ത ഭയം കാരണം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും കുട്ടികൾ വ്യക്തമാക്കുന്നു. ഇയാളെ ഇനി പുറത്തുവിട്ടാൽ തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും അതിനാൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യം.



