India Mirror News

20-ാം ലോകകപ്പ് ഗോളുമായി മെസ്സി; കേപ് വെർദെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിൽ.

20-ാം ലോകകപ്പ് ഗോളുമായി മെസ്സി; കേപ് വെർദെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിൽ.

ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് അർജന്റൈൻ നായകൻ ലയണൽ മെസ്സിയുടെ കുതിപ്പ് തുടരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന പദവിക്ക് പിന്നാലെ, ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച കളിക്കാരനെന്ന അത്യപൂർവ്വ ഖ്യാതിയും ഇനി മെസ്സിക്ക് സ്വന്തം. കേപ് വെർദെയ്ക്കെതിരായ നിർണായക മത്സരത്തിൽ ബൂട്ട് കെട്ടിയതോടെയാണ് താരം 30 ലോകകപ്പ് മത്സരങ്ങൾ എന്ന ചരിത്ര റെക്കോർഡിലേക്ക് എത്തിയത്. 2006 ലോകകപ്പിൽ സെർബിയക്കെതിരെ അരങ്ങേറിയ മെസ്സി പിന്നീട് നടന്ന എല്ലാ ലോകകപ്പുകളിലും അർജന്റീനയ്ക്കായി കളത്തിലിറങ്ങുകയും 2022-ൽ രാജ്യത്തെ ലോകകിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. നിലവിലെ 2026 ലോകകപ്പിലും അത്യുഗ്രൻ ഫോമിലാണ് താരം മുന്നേറുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേടി വരവറിയിച്ച മെസ്സി, കേപ് വെർദെയ്ക്കെതിരായ മത്സരത്തിലും വലകുലുക്കിയതോടെ ഈ ലോകകപ്പിലെ തന്റെ വ്യക്തിഗത ഗോൾ നേട്ടം ഏഴായി ഉയർത്തി. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും ഒൻപത് അസിസ്റ്റുകളുമായി ഇപ്പോൾ മെസ്സിയുടെ പേരിൽ തന്നെയാണ്.

ഇത്തവണത്തെ ഗോൾ വേട്ടയിൽ ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മെസ്സിക്ക് തൊട്ടുപിന്നിലുള്ളത്. അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയയ്ക്കെതിരെ ഇരട്ട ഗോളുകളും നേടിയ മെസ്സി, ജോർദാനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഒരു ഗോൾ കണ്ടെത്തിയത്. ആ തുടർച്ചയാണ് ഇപ്പോൾ കേപ് വെർദെയ്ക്കെതിരെയും താരം നിലനിർത്തിയത്. ഗോളടിയിൽ മാത്രമല്ല, ലോകകപ്പിലെ താരങ്ങളുടെ കളിമിടുക്ക് വിലയിരുത്തി ഫിഫ ആദ്യമായി പുറത്തുവിട്ട പവർ റാങ്കിങ്ങിലും മെസ്സിയാണ് ഒന്നാം സ്ഥാനത്ത് തിളങ്ങിനിൽക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങൾ കണക്കിലെടുത്തു തയ്യാറാക്കിയ ഈ റാങ്കിങ്ങിൽ മെസ്സിക്ക് തൊട്ടുപിന്നിൽ എംബാപ്പെയുമുണ്ട്. ഇതോടെ ഗോളടിയിലും പവർ റാങ്കിങ്ങിലും ഒരുപോലെ പ്രകടമാകുന്ന മെസ്സി-എംബാപ്പെ പോരാട്ടം ഈ ലോകകപ്പിനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *