കാസർകോട്: കുമ്പളയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിന് പ്രമുഖ യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പെരുമ്പള സ്വദേശി ധന്യ എസ്.ആറി(28)നെതിരെയാണ് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്. മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. പ്രതി മദ്യലഹരിയിൽ ഒട്ടും ജാഗ്രത പാലിക്കാതെ, മനുഷ്യജീവന് തന്നെ അപകടമുണ്ടാക്കുന്ന രീതിയിലാണ് കാറോടിച്ച് വന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കൂടാതെ, പോലീസ് കൈകാണിച്ചിട്ടും നിർത്താതെ മനുഷ്യജീവന് ഭീഷണിയാകും വിധം പ്രതി വാഹനവുമായി സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്.
ആദ്യകാലങ്ങളിൽ ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടിയത്. തുടർന്ന് രാജ്യത്ത് ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബിലും സജീവമായ ഇവർക്ക് വലിയൊരു സൈബർ ഫോളോവേഴ്സ് തന്നെയുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായ ഒരു പ്രമുഖ വ്യക്തിക്കെതിരെ ഇത്തരത്തിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.



