India Mirror News

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്: അന്വേഷണം അനിൽ മിശ്രയിലേക്ക്; സിബിഐ അന്വേഷണസാധ്യത തേടി യുപി സർക്കാർ.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്: അന്വേഷണം അനിൽ മിശ്രയിലേക്ക്; സിബിഐ അന്വേഷണസാധ്യത തേടി യുപി സർക്കാർ.

ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവന ക്രമക്കേട് കേസിൽ അന്വേഷണം മുൻ ട്രസ്റ്റ് അംഗമായ അനിൽ മിശ്രയിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതി അവിനാശ് ശുക്ല ചോദ്യം ചെയ്യലിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് അനിൽ മിശ്രയ്ക്ക് മേൽ സംശയനിഴൽ വീഴ്ത്തിയത്. ഇതിന് പിന്നാലെ വിവിധ ഇടങ്ങളിലായി നിരവധി വസ്തുവകകൾ അനിൽ മിശ്രയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. ട്രസ്റ്റിലെ ഭൂരിഭാഗം അംഗങ്ങളെയും നിയമിച്ചത് ഇയാളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അനിൽ മിശ്രയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും കേസിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യും. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്ന പശ്ചാത്തലത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള സാധ്യതകളും യോഗി ആദിത്യനാഥ് സർക്കാർ സജീവമായി പരിശോധിക്കുന്നുണ്ട്. സിബിഐ അന്വേഷണത്തിനുള്ള നിയമസാധുതകളാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ തേടുന്നത്.

ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും വൻതോതിൽ ക്രമക്കേടും പണം തട്ടലും നടന്നെന്ന കണ്ടെത്തലുകളെ തുടർന്ന് ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ചത്. ലഖ്നൌ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതേസമയം, സംഭാവനക്കൊള്ളക്കേസിൽ കടുത്ത ആരോപണങ്ങൾ നേരിടുന്ന മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്ക്ക് എതിരെ ഉടനടി നടപടിയുണ്ടാകില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. കേസിൽ ഔദ്യോഗിക അന്വേഷണം പൂർത്തിയായ ശേഷം മാത്രം നടപടി മതിയെന്നാണ് വിഎച്ച്പിയുടെ നിലപാട്. സംഭാവനക്കൊള്ളയിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ചമ്പത്ത് റായ്‍യെ ഈ പദവിയിലേക്ക് നിയോഗിച്ചത് വിശ്വ ഹിന്ദു പരിഷത്ത് അല്ലെന്നും സംഘടനയുടെ പ്രസിഡന്റ് അലോക് കുമാർ വാർത്തകളോട് പ്രതികരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *