കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യ നടത്തിയ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന ഈ വ്യോമാക്രമണത്തിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം പതിനാറിലധികം പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ, ഒരു പാർപ്പിട സമുച്ചയം പൂർണമായും തകർന്നതായും അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറ് നിലകൾ തകർന്നു വീണതായും റിപ്പോർട്ടുകളുണ്ട്. നഗരമധ്യത്തിലെ ഷെവ്ചെങ്കോ ബോളിവാർഡിൽ സ്ഥിതി ചെയ്യുന്ന പ്രീമിയർ പാലസ്, സിറ്റിഹോട്ടൽ റെസിഡൻസ് എന്നീ പ്രമുഖ ഹോട്ടലുകൾക്ക് മുകളിലേക്ക് ഡ്രോൺ പതിച്ച് ശക്തമായ തീപിടുത്തമുണ്ടാവുകയും ഹോട്ടലുകളുടെ മേൽക്കൂരയും മുകൾഭാഗവും പൂർണ്ണമായും കത്തിയമരുകയും ചെയ്തു. കീവിലെ 10 ഡിസ്ട്രിക്റ്റുകളെയും ബാധിക്കുന്ന രീതിയിലാണ് റഷ്യൻ ഡ്രോണുകളും ക്രൂസ്-ബാലിസ്റ്റിക് മിസൈലുകളും പതിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവ് ലക്ഷ്യമാക്കി എത്തിയ ഭൂരിഭാഗം ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും, എന്നാൽ തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് നഗരത്തിൽ വലിയ നാശനഷ്ടമുണ്ടാക്കിയതെന്നും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
സംഭവസ്ഥലത്ത് അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും തീയണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ, കുട്ടികളും വളർത്തുമൃഗങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് സുരക്ഷിതത്വം തേടി ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്ക് അഭയം പ്രാപിച്ചത്. റഷ്യ വലിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് തന്റെ അയർലൻഡ് സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സെലൻസ്കി യുക്രെയ്നിൽ തിരിച്ചെത്തിയത്.



