കൊല്ലം: റെയിൽവേ സ്റ്റേഷനുകളും ദീർഘദൂര ട്രെയിനുകളും കേന്ദ്രീകരിച്ച് നടത്തുന്ന മോഷണ പരമ്പരകളിലെ പ്രധാന സൂത്രധാരനെ ആർപിഎഫ് അതീവ സാഹസികമായി പിടികൂടി. പരവൂർ സ്വദേശിയായ അഭിജിത്ത് ആണ് റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) വലയിലായത്. സാധാരണയായി ട്രെയിൻ മോഷണങ്ങളിൽ പ്രതികളെയോ നഷ്ടപ്പെട്ട മുതലുകളെയോ കണ്ടെത്തുക അതീവ ദുഷ്കരമായിരിക്കെ, ഈ കേസിൽ പ്രതിയെ പിടികൂടാൻ ആർപിഎഫിന് തുണയായത് റെയിൽവേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ്. പരിശോധനയ്ക്കിടെ റെയിൽവേ ഉദ്യോഗസ്ഥരെയും പോലീസിനെയും കണ്ട പ്രതി ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിലേക്ക് ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസിനു മുന്നിൽ വെച്ച് ട്രെയിനിൽ തൂങ്ങിക്കിടന്ന് കടുത്ത അഭ്യാസപ്രകടനങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ ജീവൻ പണയം വെച്ചാണ് കീഴ്പ്പെടുത്തിയത്. ട്രെയിനുകളിലെ മോഷണങ്ങൾ അതീവ ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയ റെയിൽവേ സുരക്ഷാ വിഭാഗം, പിടിയിലായ അഭിജിത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഈ മോഷണ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Tags:
You can share this post!
administrator



