ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി രംഗത്തെത്തി. അദാനിക്കെതിരായ കേസ് പെട്ടെന്ന് തള്ളിക്കളയാൻ കഴിയില്ലെന്ന് ബ്രൂക്ലിൻ ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗരൗഫിസ് വ്യക്തമാക്കി. കേസ് പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഈ കർശന നിലപാട്. കേസ് പ്രൊസീജറുകളുമായി മുന്നോട്ട് പോകില്ലെന്ന് കഴിഞ്ഞ മാസമാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത് എങ്കിലും, കേസ് ഉപേക്ഷിക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് ജഡ്ജി നിക്കോളാസ് ഗരൗഫിസ് ചൂണ്ടിക്കാട്ടി. യാതൊരു വ്യക്തതയുമില്ലാത്ത വെറുമൊരു പ്രസ്താവനയുടെ അടിസ്ഥാനത്തിൽ മാത്രം കോടതിക്ക് കേസ് തള്ളാനാകില്ലെന്നും ഈ വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി, കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ജൂലൈ 13 വരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് സമയം അനുവദിച്ചു. എന്നാൽ, ഈ വിഷയത്തിൽ കുറ്റപത്രം സമർപ്പിച്ച ബ്രൂക്ലിനിലെ യുഎസ് അറ്റോർണി ഓഫീസ് പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഈ കേസ് അമേരിക്കൻ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂട്ടർമാർക്ക് സാധിച്ചിട്ടില്ലെന്നുമാണ് അദാനിയുടെ ഭാഗത്തുനിന്നുള്ള വാദം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അദാനിയുടെ അഭിഭാഷകനായ റോബർട്ട് ജിയുഫ്ര ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസ് ഔദ്യോഗികമായി തള്ളണമെന്ന് അദാനിയുടെ അഭിഭാഷകർ ബുധനാഴ്ച കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ച ശേഷം മാത്രമേ കേസിന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് യുഎസ് കോടതിയിപ്പോൾ.



