തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തുടച്ചുനീക്കുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വർക്കല ക്ലിഫിലും അയിരൂരിലും പോലീസിന്റെ മിന്നൽ പരിശോധന. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആരംഭിച്ച ഈ വ്യാപക പരിശോധനയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ലഹരിവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് സെൽവൻ (32), റിജു (50), ഷറഫുദ്ദീൻ (40), സന്തോഷ് കുമാർ (43) എന്നീ നാല് പേരെ വർക്കല പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.
വർക്കലയ്ക്ക് പുറമെ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതിന്റെ ഭാഗമായി കർശനമായ പരിശോധനകൾ അരങ്ങേറി. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചായിരുന്നു അയിരൂർ പോലീസിന്റെ നീക്കം. ചാവടിമുക്ക്, കോവൂർ എന്നീ പ്രദേശങ്ങളിലെ കടകളിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ലഹരിമാഫിയക്കെതിരെയുള്ള പോലീസിന്റെ ഈ ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിലും ഈ മേഖലകളിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.



