ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ ഇന്ദ്രൻസ്, തന്റെ അസാധാരണ അഭിനയ മുഹൂർത്തങ്ങളുമായി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ‘അനന്തൻ കാട്’ എന്ന സിനിമയിലെ ‘കൃഷ്ണൻകുട്ടി അണ്ണൻ’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഈ പകർന്നാട്ടം നടത്തിയിരിക്കുന്നത്. ചെങ്കൽചൂള കോളനിയിലെ ‘ചൂളം ഗാനമേള ട്രൂപ്പിന്റെ’ മേധാവിയായാണ് ഇന്ദ്രൻസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എങ്കിലും, അദ്ദേഹം തന്നെ മറക്കാൻ ആഗ്രഹിക്കുന്ന ഭീകരമായ ഒരു ഭൂതകാലം ആ കഥാപാത്രത്തിനുണ്ട്. തീ കത്തിച്ച് ബീഡിയിലേക്ക് പകരുന്ന ഇന്ദ്രൻസിന്റെ മാസ് ഇൻട്രോ രംഗത്തിൽ തന്നെ കൃഷ്ണൻകുട്ടി ആരാണെന്ന് പ്രേക്ഷകർക്ക് വായിച്ചെടുക്കാൻ സാധിക്കും വിധം പല അടരുകളുള്ള ഒരു ശക്തമായ ക്യാരക്ടർ ആർക്കാണ് രചയിതാവായ മുരളി ഗോപി ഇന്ദ്രൻസിന് നൽകിയിരിക്കുന്നത്.
ചൂളയിലെ പ്രധാന ഗുണ്ടാസംഘത്തിന്റെ മുൻ നേതാവായ കൃഷ്ണൻകുട്ടി ചോരക്കളികളെല്ലാം അവസാനിപ്പിച്ച് ഇപ്പോൾ നല്ല പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇതിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഗാനമേള മാസ്റ്ററായും ക്വട്ടേഷൻ സംഘത്തിന്റെ മാസ്റ്റർ ബ്രെയിനായും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗ്രേ ഷെയ്ഡിലാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ തിളങ്ങുന്നത്. തന്റെ ഒപ്പമുള്ള തങ്കരാജ്, മുരളി, ജാക്സൺ എന്നിവരെ സ്വന്തം മക്കളെപ്പോലെ ചേർത്തുനിർത്തുന്ന കൃഷ്ണൻകുട്ടി അവർക്ക് അച്ഛനും ജ്യേഷ്ഠനുമൊക്കെയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഈ കൂട്ടുകാർക്ക് അണ്ണൻ പറയുന്നതാണ് അവസാന വാക്ക്. ചുരുക്കത്തിൽ, ഇന്ദ്രൻസിന്റെ കൈകളിൽ കൃഷ്ണൻകുട്ടി അണ്ണൻ എന്ന വേഷം പൂർണ്ണമായും ഭദ്രമാണെന്ന് ചിത്രം അടിവരയിടുന്നു.



