പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനുള്ള നിർണായക ബിൽ വരും തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിനിടയിൽ തിങ്കളാഴ്ച തന്നെ ബിൽ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. കൊൽക്കത്തയിൽ നടന്ന ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന്, കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും ഇത് നടപ്പിലാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി എന്നും, അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനമെങ്കിലും നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബിൽ സഭയിലെത്തിക്കുന്നത്.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ മാനദണ്ഡം ബാധകമാക്കുന്നതാണ് ഈ ഏകീകൃത സിവിൽ കോഡ് ബിൽ. ബഹുഭാര്യത്വവും മുത്തലാഖും പൂർണ്ണമായി നിരോധിക്കാനും, ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും ഈ പുതിയ നിയമത്തിൽ നിർദ്ദേശമുണ്ട്. നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കാനും ദേശീയ ഒരുമ ശക്തിപ്പെടുത്താനും യുസിസി അനിവാര്യമാണെന്ന് ബിജെപി വാദിക്കുമ്പോൾ, വ്യക്തിനിയമങ്ങൾ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, യുസിസി ബില്ലിന് പുറമെ സംസ്ഥാനത്തെ അക്രമസംഭവങ്ങളും പൊതുമുതൽ നശിപ്പിക്കലും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ‘ദി വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ 2026’ ഉൾപ്പെടെ മറ്റ് നാല് സുപ്രധാന ബില്ലുകളും തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.



