സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂൺ മാസത്തിൽ മഴ കാര്യമായി കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെയും ഡാമുകളിലെ ജലനിരപ്പിനെയും ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ആശ്വാസമായി മഴ കനക്കുമെന്ന പുതിയ റിപ്പോർട്ടുകൾ വരുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം ആയതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
വരും ദിവസങ്ങളിൽ മഴയുടെ ശക്തി കൂടുതൽ വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് വരുന്ന തിങ്കളാഴ്ചയോടെ മഴ കനക്കുകയും സംസ്ഥാനത്തെ 12 ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകേണ്ടി വരികയും ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.



