സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയും ഒരു പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഈ വൻ വിലക്കുറവോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12845 രൂപയായും, ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 1,02,760 രൂപയായും താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ വിവിധ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്തരമൊരു വലിയ ഇടിവിന് കാരണമായിരിക്കുന്നത്. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാകുന്നതും, ആഗോളതലത്തില്‍ നിലനിന്നിരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതുമാണ് നിലവിൽ സ്വര്‍ണവില കുറയാൻ ഇടയാക്കിയത്. ഇറാന്-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളിൽ സ്വര്‍ണവില ഉയരുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും, കഴിഞ്ഞ കുറച്ചുദിവസങ്ങളായി വില ഇടിവില്‍ തന്നെ തുടരുന്ന കാഴ്ച്ചയാണ് കാണുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ പൊതുവെ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നിരുന്നാലും ആഗോള വിപണിയില്‍ വില കൂടിയാൽ അത് അതേപടി കേരളത്തിലും കൂടണമെന്നില്ലെന്നതാണ് നിലവിലെ വിപണി സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. കുറച്ചുദിവസങ്ങളായി തുടരുന്ന ഈ വിലയിടിവ് വരുംദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കളും സ്വർണ വ്യാപാരികളും ഉറ്റുനോക്കുന്നത്.



