ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന പാകിസ്താന്റെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. വ്യോമസേനയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങൾക്കും തുടർന്നുള്ള നവീകരണവും പിന്തുണാ സേവനങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ വ്യോമസേന (IAF) പുതിയ ടെൻഡർ പുറപ്പെടുവിച്ചു. ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും യാതൊരു പോറലുമേൽക്കാതെ ഇപ്പോഴും പൂർണ്ണ സജ്ജമായി രാജ്യത്തിന്റെ വ്യോമപ്രതിരോധ നിരയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഔദ്യോഗിക രേഖകൾ. പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് പകരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുതിർന്ന സേനാ തലവന്മാരുടെയും കനത്ത ആസൂത്രണത്തോടെ അരങ്ങേറിയ മിന്നൽ നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പടിഞ്ഞാറൻ അതിർത്തിയിലെ തന്ത്രപ്രധാന വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന സുഖോയ് 30 വിമാനം വെറും പത്ത് മിനിറ്റിനകം തൊടുത്തുവിട്ട മാരക മിസൈൽ 200 കിലോമീറ്റർ അകലെയുള്ള ബഹവൽപൂരിലെ ഭീകരകേന്ദ്രത്തിലാണ് പതിച്ചത്.
തൊട്ടുപിന്നാലെ സുഖോയ്ക്ക് ഒപ്പം റഫാൽ, മിറാഷ് വിമാനങ്ങൾ കൂടി അണിനിരന്ന് കേവലം അരമണിക്കൂർ കൊണ്ട് പാകിസ്താന്റെ ഒൻപത് പ്രമുഖ ഭീകരകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ബോംബിട്ട് തകർത്തുതരിപ്പണമാക്കി. മുസാഫറാബാദ്, കോട്ലി, ബഹവൽപൂർ, മുദ്രിക തുടങ്ങിയ ഇടങ്ങളിലെ ഭീകര ഹെഡ്ക്വാർട്ടേഴ്സുകളെ ലക്ഷ്യമിട്ട് ആകെ 88 മണിക്കൂറോളമാണ് ഈ ശക്തമായ വ്യോമാക്രമണവും സൈനിക നടപടിയും നീണ്ടുനിന്നത്. ജമ്മു കശ്മീരിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്ത് നിന്ന് പാകിസ്താൻ നടത്തിയ വെടിവെപ്പിന് ഇരട്ടി ശക്തിയിലാണ് ഇന്ത്യൻ സൈന്യം ഷെല്ലുകളുതിർത്ത് മറുപടി നൽകിയത്. ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നും ഇതിനുശേഷവും പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ അത് രാജ്യത്തിന്റെ സർവനാശത്തിലായിരിക്കും കലാശിക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ഭരണനേതൃത്വം ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



