താത്കാലിക നിരോധനത്തിന് ശേഷം പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും ലഭ്യമായിത്തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് തിരിച്ചെത്തിയതോടെ ഉപഭോക്താക്കൾക്ക് ഇത് വീണ്ടും ഡൗൺലോഡ് ചെയ്യാനാകും. രാജ്യത്ത് നടന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രത്യേക ശുപാർശയെത്തുടർന്നാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ 22 വരെയായിരുന്നു ഇന്ത്യയിൽ ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നതെങ്കിലും, പരീക്ഷാ കാലയളവും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളും കണക്കിലെടുത്ത് ഈ മാസം 30 വരെ ചില നിർണായക നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധനം പിൻവലിച്ചെങ്കിലും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജൂൺ 30 വരെ ഇന്ത്യയിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ചില ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് അതിൽ പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും, തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ വ്യാപകമായി ദുരുപയോഗം ചെയ്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം സാങ്കേതിക കൃത്രിമത്വങ്ങൾ തടയുന്നതിനാണ് പൂർണ്ണ നിരോധനം നീക്കിയ ശേഷവും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിന്മേൽ താൽക്കാലിക നിയന്ത്രണം തുടരാൻ അധികൃതർ തീരുമാനിച്ചത്.



