മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. പ്രമുഖ നടി ശ്വേത മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചു. മുൻ ഭരണസമിതിക്കെതിരെയും സംഘടനയ്ക്കുള്ളിലെ നിഗൂഢ അജണ്ടകൾക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ശ്വേതയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. തങ്ങളെ ലക്ഷ്യം വെച്ച് കൃത്യമായ അജണ്ടയോടെ പുറത്താക്കാൻ ശ്രമം നടന്നുവെന്നും പാവകളായി ഇരിക്കാൻ താൻ തയ്യാറല്ലെന്നും അവർ തുറന്നടിച്ചു. തനിക്കും തന്റെ കമ്മിറ്റിക്കും കൃത്യമായ വ്യക്തിത്വമുണ്ടെന്ന് വ്യക്തമാക്കിയ ശ്വേത, തങ്ങൾ ചുമതലയേറ്റ സെപ്റ്റംബർ ഒന്ന് മുതലുള്ള കണക്കുകൾ കൃത്യമാണെന്നും എന്നാൽ അതിനുമുമ്പ് ബാബുരാജ് ഉൾപ്പെട്ട കമ്മിറ്റിയുടെ കാലത്ത് നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ആരോപിച്ചു. മുൻപ് മെയ് ഒന്നിന് അമ്മയിലെ ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പോലീസിലും ലേബർ ഡിപ്പാർട്ട്മെന്റിലും പരാതി ഉയർന്നപ്പോൾ, കമ്മിറ്റിയെ ഒന്നും അറിയിക്കാതെയും ഒരു മെയിൽ പോലും അയക്കാതെയും ട്രഷറർ ഒളിച്ചോടിയതായും അവർ വെളിപ്പെടുത്തി. ഇപ്പോൾ സംഘടനയ്ക്ക് പുറത്തായതിനാൽ കാര്യങ്ങൾ തുറന്നുപറയാൻ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു. ശ്വേത മേനോന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ജോയ് മാത്യുവും തന്റെ സ്ഥാനം രാജിവെച്ചു. കുറ്റാരോപിതരിലേക്ക് തന്നെ സംഘടനയെ വീണ്ടും എത്തിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ജോയ് മാത്യു വിമർശിച്ചു.
ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ നടി ലക്ഷ്മി പ്രിയയും താൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി ഔദ്യോഗികമായി പ്രതികരിച്ചു. ഇതോടെ പ്രസിഡന്റ് ശ്വേത മേനോൻ, സെക്രട്ടറി കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാൽ, അൻസിബ ഹസ്സൻ എന്നിവരടങ്ങുന്ന 13 അംഗ ഭരണസമിതിയാണ് പൂർണ്ണമായും രാജിവെച്ചൊഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയുടെ പശ്ചാത്തലത്തിൽ സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയ ചർച്ചയായപ്പോഴാണ് ചരിത്രത്തിലാദ്യമായി ‘അമ്മ’യുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ കൂട്ടത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. വലിയ പ്രതീക്ഷകളോടെയാണ് ഈ വനിതാ കൂട്ടായ്മ നേതൃത്വത്തിലേക്ക് വന്നതെങ്കിലും, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധികളും തർക്കങ്ങളും പരിഹരിക്കാൻ ഇവർക്ക് സാധിക്കാതെ വരികയായിരുന്നു. ഇതേത്തുടർന്നുള്ള കടുത്ത ഭിന്നതകളാണ്, ഒടുവിൽ അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ശ്വേത മേനോൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കടുത്ത ആരോപണങ്ങളോടെ പടിയിറങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്ക് വഴിവെച്ചത്.



