വിവാദമായ എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന പത്ത് ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം പൂർത്തിയായ വിവരം അന്വേഷണ സംഘം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിപ്പട്ടികയിലുള്ള ഈ വിവാദ കേസിന് പുറമെ, മറ്റ് രണ്ട് കേസുകളിൽ കൂടി വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതേ കേസ് പരിഗണിച്ച ഘട്ടത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങളും മുന്നറിയിപ്പുകളുമാണ് ഉണ്ടായത്. കോടതി നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി എസ്. ശശിധരനെതിരെ ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കേസ് കൃത്യമായി കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, മൂന്നാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ എസ്‌പിയെ ഈ ചുമതലയിൽ നിന്ന് മാറ്റുമെന്നും പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കർശന മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കാൻ നോക്കരുതെന്ന് ഓർമ്മിപ്പിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ബാഹ്യമായ ചില സമ്മർദ്ദങ്ങളുണ്ടെന്നും പരസ്യമായി നിരീക്ഷിച്ചു. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോഫിനാൻസ് പദ്ധതിക്കായി കോടിക്കണക്കിന് രൂപ കൈപ്പറ്റി വിവിധ എസ്എൻഡിപി ശാഖകൾ വഴി വിതരണം ചെയ്തതിൽ വൻ തട്ടിപ്പ് നടന്നെന്നാണ് കേസ്. ഈ തുക യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിയില്ലെന്നും കോർപ്പറേഷനിലേക്ക് തിരിച്ചടച്ചില്ലെന്നും കാണിച്ച് 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഈ വൻ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.



