India Mirror News

കോട്ടയം സ്കൈ വാക്ക് പുനരാരംഭിക്കുമെന്നും കൊല്ലത്ത് പുതിയ സ്കൈവേയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

കോട്ടയം സ്കൈ വാക്ക് പുനരാരംഭിക്കുമെന്നും കൊല്ലത്ത് പുതിയ സ്കൈവേയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത-വിനോദസഞ്ചാര മേഖലകൾക്കും വലിയ നികുതിയിളവുകളും പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം നഗരത്തിൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈ വാക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം കൊല്ലം ചിന്നക്കടയിൽ പുതിയ സ്കൈവേ നിർമ്മിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തുകയും കരുനാഗപ്പള്ളി, ചാലക്കുടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റവന്യു ടവറുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിപ്പേകുന്നതിനായി ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ വ്യവസായ മേഖലയ്ക്ക് സർക്കാർ നൽകിപോരുന്ന എല്ലാവിധ ആനുകൂല്യങ്ങളും ഇനിമുതൽ ടൂറിസം മേഖലയ്ക്കും ലഭ്യമാകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതിനൊപ്പം വയനാടിന്റെ ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ ഉയർത്താൻ ‘ബ്രാൻഡ് വയനാട്’ പദ്ധതി നടപ്പിലാക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണ്ണമായി സംരക്ഷിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

ഗതാഗത മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി വലിയ തോതിലുള്ള നികുതിയിളവുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നതിനൊപ്പം സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് 50 ശതമാനം നികുതി ഇളവ് നൽകാനും തീരുമാനിച്ചു. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിലും വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതേസമയം, ആഡംബര വാഹനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങളുടെ റോഡ് നികുതി അഞ്ച് ശതമാനമായി വർദ്ധിപ്പിച്ചു. ആത്മീയ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളെ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇവയെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ മലബാർ ദേവസ്വം ബോർഡിന്റെ ഘടന തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ മാതൃകയിലേക്ക് മാറ്റി സമഗ്രമായി പരിഷ്കരിക്കുമെന്നും ബജറ്റിലൂടെ പ്രഖ്യാപിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *