ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് ആശങ്കയുണർത്തി ഈ വർഷത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നെത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ് രോഗം കണ്ടെത്തിയത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രത്യേക ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എം പോക്സിന് പുറമെ സംസ്ഥാനത്ത് മറ്റ് പകർച്ചവ്യാധികളും വലിയ തോതിൽ പിടിമുറുക്കുകയാണ്. ഇന്ന് മാത്രം 19 പേർക്ക് ഷിഗെല്ലയും 68 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തെ ഷിഗെല്ല കേസുകളിൽ കോഴിക്കോട് ഒൻപതും, തൃശൂരിൽ മൂന്നും, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു വീതവും, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതവുമാണ് റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത്. നിലവിൽ രോഗവ്യാപനം രൂക്ഷമായ കോഴിക്കോട് (33 കേസുകൾ), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ജൂൺ മാസത്തിൽ മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), കണ്ണൂർ (7), ഇടുക്കി (3), എറണാകുളം (2) എന്നിങ്ങനെയാണ് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ആകെ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 186 ആയി ഉയർന്നു, ഇതിൽ 110 കേസുകളും ഈ ജൂൺ മാസത്തിൽ മാത്രം ഉണ്ടായതാണ് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
മഴക്കാലം ആരംഭിച്ചതോടെ ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിക്കുകയും ചില കുട്ടികളുടെ മരണത്തിന് വരെ അത് കാരണമാവുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇതര ഗവൺമെന്റ് വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിന്റെ ഭാഗമായി 2026 ജൂൺ 16 മുതൽ ജൂലൈ 31 വരെ സംസ്ഥാനവ്യാപകമായി വയറിളക്കരോഗങ്ങൾക്കെതിരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.



