സംസ്ഥാന നിയമസഭയിൽ 2026-2027 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് സഭയിൽ അവതരിപ്പിക്കുന്നത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാരാണിതെന്നും നവയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടത്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികൾ വിജയകരമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ സാമ്പത്തിക സ്രോതസ്സുകൾക്കും വലിയ പ്രാധാന്യം നൽകുന്നതാണ് പുതിയ ബജറ്റ്.
കേരളത്തെ രാജ്യത്തെ മുൻനിര പോർട്ട് ഹബും മികച്ച മാരിടൈം സമ്പദ്വ്യവസ്ഥയുമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൃഹത്തായ ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങൾ, മറ്റ് ആഭ്യന്തര ജലസ്രോതസ്സുകൾ എന്നിവയെ പരസ്പരം സംയോജിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതിലൂടെ റോഡ്, സമുദ്ര, ഉൾനാടൻ ജലപാതകളെ കോർത്തിണക്കി വലിയ വികസന മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്നും വിഴിഞ്ഞത്ത് പുതിയ കപ്പൽ നിർമ്മാണ ശാല യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മുൻ സർക്കാരിന്റെ കാലത്തുണ്ടായ കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കുമെന്നും കിഫ്ബിയെക്കുറിച്ച് പഠിക്കാൻ ഒരു പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ബജറ്റിലുണ്ട്.
സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരളം സെൽ’ രൂപീകരിക്കും. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനൊപ്പം ഭൂമി ഏറ്റെടുക്കൽ നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനും ഈ സെൽ സഹായിക്കും. വ്യോമയാന മേഖലയ്ക്ക് വലിയ ഉണർവ് നൽകിക്കൊണ്ട് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും പരസ്പരം ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതിക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങളോടെയാണ് ബജറ്റ് അവതരണം പുരോഗമിക്കുന്നത്.



