India Mirror News

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ

അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ യുഡിഎഫ് സർക്കാർ തങ്ങളുടെ പ്രധാന വാഗ്ദാനമായ ‘ഇന്ദിര ഗ്യാരണ്ടി’ നടപ്പിലാക്കിയെന്ന് കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. പദ്ധതി പ്രകാരം കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ സൌജന്യമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും, ഇതിലൂടെ ഓരോ കുടുംബത്തിനും പ്രതിമാസം ആയിരക്കണക്കിന് രൂപ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലായാലും തെലങ്കാനയിലായാലും ഇപ്പോൾ കേരളത്തിലായാലും നൽകിയ വാഗ്ദാനങ്ങൾ എപ്പോഴും പാലിക്കുന്ന ജനപക്ഷ ക്ഷേമ രാഷ്ട്രീയത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും കെ.സി. വേണുഗോപാൽ അവകാശപ്പെട്ടു.

ഇതോടൊപ്പം, തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ഒരു സംഘടനയുടെ ചിന്താഗതി തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒട്ടും യോഗ്യരല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ വിസിമാർ പങ്കെടുത്തത് പ്രബുദ്ധ കേരളത്തിന് വലിയ അപമാനമാണെന്നും, ഇവർ അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് സ്വയം രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. ഗവർണറുടെ സംരക്ഷണയിൽ നിന്ന് മാറി ആർഎസ്എസ് ശാഖകളിൽ ഗണവേഷം ധരിച്ച് ജീവിക്കുന്നതാണ് ഇവർക്ക് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കലല്ലെന്നും, മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശിലയെന്നും വിസിമാർ ഓർക്കണമെന്ന് കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാൻ ഈ നാട് ഒരിക്കലും അനുവദിക്കില്ല. എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് കേരളത്തിന്റെ മണ്ണിലുള്ളതെന്നും അല്ലാതെ വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചിന്തയല്ലെന്നും അദ്ദേഹം ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *