India Mirror News

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വർഷത്തിൽ നാലായി വെട്ടിച്ചുരുക്കി

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വർഷത്തിൽ നാലായി വെട്ടിച്ചുരുക്കി

ഗാർഹിക പാചകവാതക വില വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കൽ. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നാലായി കുറച്ചിരിക്കുന്നത്. നേരത്തെ ഇത് ഒൻപത് സിലിണ്ടറുകളായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഈ കടുത്ത തീരുമാനം വന്നിരിക്കുന്നത്. 2016-ൽ ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിവർഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകൾ വരെ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ ഇത് ഒൻപതാക്കി ചുരുക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വെട്ടിത്തുരുക്കി വെറും നാല് സിലിണ്ടറുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. 14.2 കിലോഗ്രാം എൽ.പി.ജി റീഫിൽ ചെയ്യുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇപ്പോഴും 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. കൂടാതെ പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗാർഹിക സിലിണ്ടറുകൾക്ക് രാജ്യത്ത് 29 രൂപ വർദ്ധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതകത്തിന് വില കൂട്ടുന്നത്. പുതിയ വിലവർദ്ധനവോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായും, കൊൽക്കത്തയിൽ 939 രൂപയിൽ നിന്ന് 968 രൂപയായും ഉയർന്നു. മുംബൈയിൽ 912 രൂപയായിരുന്ന സിലിണ്ടർ വില ഇപ്പോൾ 941 രൂപയിലെത്തി നിൽക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം അയവില്ലാതെ തുടരുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇത്രയൊക്കെ വില വർദ്ധിപ്പിച്ചിട്ടും തങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇതോടൊപ്പം വാണിജ്യ സിലിണ്ടറുകളുടെ വിലയും കുത്തനെ കൂടിയതോടെ രാജ്യത്ത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വിലയും വലിയ രീതിയിൽ കുതിച്ചുയരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *