India Mirror News

നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്

നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയിൽ സമർപ്പിച്ചതിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോര്. ധനകാര്യ വകുപ്പിനെ പൂർണ്ണമായി മാറ്റിനിർത്തി പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ധവളപത്രം വെറുമൊരു രാഷ്ട്രീയ രേഖ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങൾ തികച്ചും മുൻവിധിയിലൂടെയുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിച്ചടിച്ചു. ചർച്ചയിൽ പങ്കെടുത്ത സി.പി.ഐ.എമ്മിലെ കെ.എൻ. ബാലഗോപാൽ ധവളപത്രം സഭയിൽ വെച്ചത് നല്ല കാര്യമാണെന്നും ഇതിലൂടെ എല്ലാ വിവരങ്ങളും ജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, മുൻപ് 2015-ൽ ധവളപത്രം തയ്യാറാക്കിയത് കൃത്യമായി ധനവകുപ്പ് തന്നെയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് പുറത്തുനിന്നുള്ള വിദഗ്ധരെയും സ്വകാര്യ കക്ഷികളെയും ഉപയോഗിച്ച് ധവളപത്രം തയ്യാറാക്കിയതിലൂടെ ഇവിടെ നടന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം സി. ആൻഡ് എ.ജി.ക്ക് (C&AG) മാത്രമാണുള്ളത്. ധനകാര്യ വകുപ്പ് തയ്യാറാക്കേണ്ട ഇത്തരം രേഖകൾ രാഷ്ട്രീയ ഉപയോഗത്തിന് വേണ്ടി മാറ്റരുതെന്നും, ഇത്തരമൊരു കീഴ്‌വഴക്കം നാളെ ആർക്കും ഒരു രാഷ്ട്രീയ രേഖ ചമയ്ക്കാനുള്ള സ്ഥിതിയുണ്ടാക്കുമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കറുടെ പൂർണ്ണ അനുവാദത്തോടെയും മന്ത്രിസഭയുടെ അംഗീകാരത്തോടെയുമാണ് ധവളപത്രം സഭയുടെ മേശപ്പുറത്ത് വെച്ചതെന്ന് വ്യക്തമാക്കി. അഞ്ചുവർഷത്തെ നടപടിക്രമങ്ങളെക്കുറിച്ച് പറയുന്ന ബാലഗോപാലിന് മറുപടിയായി തനിക്ക് 25 വർഷത്തെ പാർലമെന്ററി നടപടിക്രമങ്ങൾ അറിയാമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഒരു ഔദ്യോഗിക രഹസ്യരേഖയും പുറത്തുപോയിട്ടില്ലാത്തതിനാൽ സത്യപ്രതിജ്ഞാ ലംഘനം നടന്നു എന്ന വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പബ്ലിക് ഡൊമൈനിൽ ഇതിനകം ലഭ്യമായിട്ടുള്ള വിവരങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും പരിണതപ്രജ്ഞരായ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ധനകാര്യ വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. ഇനിയുള്ള എല്ലാ കാര്യങ്ങളിലും ഓരോ രംഗത്തെയും വിദഗ്ധരായ ആളുകളുടെ സേവനവും ഉപദേശവും തേടി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുൻപ് സഭയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള പല ധവളപത്രങ്ങളും രാഷ്ട്രീയ രേഖകളായിരുന്നുവെന്നും എന്നാൽ ഇത് സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ആരോഗ്യം വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്നും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഇത് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാൽ മുഖ്യമന്ത്രി സഭയിൽ വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ധനകാര്യ വകുപ്പിനെ ഇരുട്ടിൽ നിർത്തി തയ്യാറാക്കിയ ഇത് ഒരു യഥാർത്ഥ ധവളപത്രമല്ലെന്നും കൃത്യമായ രാഷ്ട്രീയ രേഖയാണെന്നും അദ്ദേഹം ആവർത്തിച്ചു. മുൻപ് ധനവകുപ്പ് തയ്യാറാക്കിയ ഔദ്യോഗിക ഡോക്യുമെന്റുകളെല്ലാം രാഷ്ട്രീയ രേഖകളാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്. സർക്കാരിന് ഉപദേശം നൽകുന്ന വിദഗ്ധരെക്കുറിച്ച് തങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമില്ലെങ്കിലും ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പ് തന്നെയാകണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനെത്തുടർന്ന് സഭയിൽ ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. ഏത് ചട്ടവും നടപടിക്രമവുമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നില്ലെന്നും രേഖ കൈകളിൽ കിട്ടുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഉചിതമായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ താൻ സഭയിൽ നടത്തിയത് മുഖ്യമന്ത്രിയുടെ വാദങ്ങൾക്കുള്ള കൃത്യമായ മറുപടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *